മനസ്സിൽ ശുഭപ്രതീക്ഷകൾ നിറച്ചുകൊണ്ട് കാട്ടുമൃഗങ്ങളോടും മാനകരോഗങ്ങളോടും പടപൊരുതി കാടുനാടാക്കി ഒരു ഹരിതവിപ്ലവം സൃഷ്‌ടിച്ചുകൊണ്ട് ആയിരത്തിത്തൊള്ളായിരത്തി നാല്‌പതുകളിൽ കുടിയേറിപ്പാർത്ത ഏതാനും കുടുംബങ്ങളുടെ കൂട്ടായ്മയാണ് പഴൂർ ഇടവകയായി രൂപപ്പെട്ടത്.ആരംഭകാലത്ത് ദിവ്യബലി, മാമ്മോദീസ, വിവാഹം, ശവസംസ്ക്കാരം തുടങ്ങിയ ആവശ്യങ്ങൾക്കായി അവർ ബത്തേരിപള്ളിയെ ആശ്രയിച്ചു പോന്നു. 1954-ൽ പഴൂരിൽ ഒരു താല്ക്കാലിക ഷെഡ് നിർമ്മിച്ച് 30 കുടും ബങ്ങൾ അടങ്ങുന്ന ഒരു ഇടവകകൂട്ടായ്‌മ ബഹു. സർഗ്ഗീസ് അച്ചന്റെ നേതൃത്വത്തിൽ രൂപപ്പെട്ടു. 1957ൽ എൽ.പി. സ്കൂൾ സ്ഥാപിതമായി. 1967ൽ ബഹു. സേവ്യർ കണിയാന്തറ അച്ചൻ ഇടവക വികാരിയാവു കയും 1969 ഫെബ്രുവരി 24,25 തിയ്യതികളിൽ വി. അന്തോനീസിൻ് പ്രഥമ തിരുനാൾ ആഘോഷിക്കപ്പെടുകയും ചെയ്‌തു. അച്ചൻ്റെ കാലത്ത് പള്ളിക്കുവേണ്ടി പുതിയതായി രണ്ടേക്കർ സ്ഥലം വാങ്ങിക്കുകയും കാപ്പിയും റബറും വച്ചുപിടിപ്പിക്കുകയും ഇന്നു കാണുന്ന വൈദികമന്ദിരം പണികഴിപ്പിക്കുകയും ചെയ്‌തു. 1973ൽ വികാരിയായിവന്ന ബഹു. മാത്യു തുരുത്തിപ്പാറ അച്ചന്റെ പരിശ്രമഫലമായി പഴൂർ ചീരാൽ ഭാഗത്തേക്ക് ആദ്യമായി കെ.എസ്.ആർ.ടി.സി. ബസുകൾ ഓടിത്തുടങ്ങി. ഇപ്പോൾ കാണുന്ന സ്റ്റേഴ്‌സ് പള്ളിമണി, വടക്കുഭാഗത്ത് കാണുന്ന ഓടിട്ട സ്‌കൂൾ കെട്ടിടം എന്നിവ അച്ചന്റെ കാലത്ത് ഉണ്ടാക്കിയതാണ്. ഫാ തുരുത്തിപ്പാറയ്ക്കു ശേഷം ഫാ അബ്രാഹം കുഴിമുള്ളൂർ വികാരിയായി വന്നു. പിന്നീട് വന്ന ഫിലിപ്പ് മുറിഞ്ഞകല്ലേൽ അച്ചൻ്റെ കാലത്ത് പള്ളിപ്പറമ്പിൽ തെങ്ങു വെച്ച് പിടിപ്പിച്ചു.1974 ൽ മാനന്തവാടി രൂപതസ്ഥാപിതമായപ്പോൾ പഴൂർ ഇടവക ഈ രൂപതയുടെ ഭാഗമായിത്തീർന്നു.
പ്രസ്‌തുത വർഷംതന്നെ ആരാധനാമാ ത്തിൻ്റെ ഒരു ശാഖ പഴൂരിൽ സ്ഥാപിതമാക്കുകയും ബഹുമാനപ്പെട്ട സിസ്റ്റേഴ്സ‌് ഇടവകജനത്തിന്റെ ആത്മീയ വളർച്ചയ്ക്കുവേണ്ടി സേവന മനുഷ്‌ടിച്ചു വരികയും ചെയ്തു.1979ൽ ബഹു. ജോസഫ് മഞ്ചുവള്ളി അച്ചൻ ഇടവക വികാരിയായി വന്നു. ഇടവകയുടെ 25-ാം വാർഷികത്തോടനുബന്ധിച്ച് പഴൂർകവലയിൽ നിർമ്മിക്കപ്പെട്ട കപ്പേള 1979 മാർച്ച് 24ന് അഭിവന്ദ്യ ജേക്കബ് തൂങ്കുഴി പിതാവ് ആശീർവദിക്കുകയുണ്ടായി. മഞ്ചുവള്ളി അച്ചൻ്റെ പരിശ്രമഫലമായി പഴൂർ പ്രദേശത്തേക്ക് വൈദ്യുതി ലഭിക്കുകയും 1988ൽ പഴൂർ എൽ.പി. സ്കൂൾ യു.പി. സ്‌കൂളായി ഉയർത്തപ്പെടുകയും ചെയ്തു. ഫാ. അബ്രാഹം കാപ്പിക്കുന്നേൽ, ഫാ. മാത്യു പുത്തൻപുര എന്നീ വൈദികരുടെ സേവനത്തിനു ശേഷം ബഹു. തോമസ് കുഴിത്തോട അച്ചൻ വികാരിയായി വന്നു. പള്ളിക്കുവേണ്ട കുടിവെള്ളം ലഭിക്കുന്ന തിന് വയലിൽ കിണർ നിർമ്മിച്ചത് അച്ചൻ്റെ മേൽനോട്ടത്തിലാണ്. 1988ൽ ബഹു. ജോസ് ചക്കിട്ടുകുടി അച്ചൻ ഇടവകയുടെ ഭരണം ഏറ്റെടുത്തു. പുതിയ ദേവാലയം പണിയാൻ തീരുമാനിച്ചതും അതിന്റെ നിർവ്വഹണത്തിനായി ഒരു കമ്മിറ്റിയെ തെരഞ്ഞെടുത്തതും പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിയതും ഇക്കാലത്താണ്. സ്‌കൂളിന്റെ കളിസ്ഥലം സംരക്ഷിക്കാൻ അദ്ദേഹം വളരെ അധികം പരിശ്രമിച്ചിട്ടുണ്ട്. പിന്നീട് ഇടവകവികാരിയായി വന്ന ബഹു. ബെൻവെന്യൂട്ട് ഇലവത്തിങ്കൽ അച്ചൻ്റെ മേൽനോട്ടത്തിൽ ദേവാലയ നിർമ്മാണം പുരോഗമിച്ചു. അദ്ദേഹം രോഗബാധിതനായി ചികിത്സാർത്ഥം പോവുകയും പിന്നീട് കാലയവനികക്കുള്ളിൽ മറയുകയും ചെയ്തു. തുടർന്ന് വികാരിയായി വന്ന ബഹു. ജോർജ് ആലുക്ക അച്ചൻ്റെ നേതൃത്വത്തിൽ പള്ളിപണി പൂർത്തിയാവുകയും 1994 ഏപ്രിൽ 23 ന് അഭിവന്ദ്യ മാർ ജേക്കബ് തൂങ്കുഴി പിതാവ് ദേവാലയത്തിൻ്റെ വെഞ്ചെരിപ്പ് കർമ്മം നിർവഹിക്കുകയും ചെയ്തു.
പള്ളിയുടെ മുമ്പിൽ ഇന്ന് കാണുന്ന വി. അന്തോനീസിന്റെ ഗ്രോട്ടോ ഫാ. വക്കച്ചൻ തട്ടുപറമ്പിൽ ഇടവക ഭരിക്കുന്ന കാലത്ത് ഉണ്ടാക്കിയ താണ്. ബഹു. ജോസഫ് കുളത്തിങ്കലിൻ്റെ ശ്രദ്ധ കേന്ദ്രീകരിച്ചത് പാവ പ്പെട്ടവർക്ക് വീട് നിർമ്മിച്ച് കൊടുക്കുന്നതിലായിരുന്നു. തദനന്തരം ഇടവകയുടെ സാരഥിയായിവന്ന ബഹു. അഗസ്റ്റിൻ കീലത്ത് അച്ചൻ ആത്മീയ കാര്യങ്ങൾക്കൊപ്പം കൃഷികാര്യങ്ങളിലും വളരെ തല്പരനാ യിരുന്നു. പുതിയ കുരുമുളകുതോട്ടം വെച്ചുപിടിപ്പിച്ചതും പൊതുകല്ലറ ഉണ്ടാക്കിയതും ഇദ്ദേഹത്തിൻറെ മേൽ നോട്ടത്തിലായിരുന്നു. പിന്നീട് വന്ന ബഹു. ജോസഫ് മേമന അച്ചൻ ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് പ്രാരംഭം കുറിച്ചു.2004ൽ അനാഥരും അംഗവിഹീനരും രോഗികളുമായ വൃദ്ധജന ങ്ങൾക്ക് അഭയമരുളുക എന്ന ഉദ്ദേശ്യത്തോടുകൂടി പുളിയൻമാക്കൽ കുടുംബാംഗങ്ങൾ അവരുടെ പിതാവായ മത്തായിച്ചേട്ടൻ്റെ പാവനസ്മരണ ക്കുവേണ്ടി പണികഴിപ്പിച്ച് മലബാർ മിഷനറി ബ്രേദേഴ്‌സി (എംഎംബി) നെ ഏല്പിച്ചു. അതാണ് സെൻ്റ് മാത്യൂസ് ഭവൻ. സേവന നിരതരായ ഈ ബ്രദേഴ്‌സിന്റെ ആത്മാർത്ഥമായ സേവനം പഴൂർ ഇടവകയ്ക്ക് ലഭിക്കുന്നുണ്ട്. അടുത്തതായി ഇടവകയുടെ അജപാലകനായി ഫാ. പോൾ കൂട്ടാല വരി കയും 2004-ൽ ഇടവകയുടെ സുവർണ്ണജൂബിലി കെങ്കേമമായി ആഘോഷി ക്കുകയും ചെയ്തു. അച്ചൻറെ കാലത്താണ് സിമിത്തേരിയിലെ സ്മൃതിമ ണ്ഡപം നിർമ്മിച്ചത്. ബഹു. ജോണി ഇലവുങ്കലച്ചൻ്റെ നേതൃത്വത്തിൽ പള്ളിക്ക് ചുറ്റിലും സിമിത്തേരിയിലേക്കുള്ള വഴിയിലും ഇൻ്റർലോക്ക് പതിപ്പിച്ചു. പിന്നീട് ഇടവക വികാരിയായിവന്ന ബഹു. തോമസ് വാഴച്ചാലിൽ അച്ഛൻ ദൈവജനങ്ങളുടെ ആത്മീയ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ പതിപ്പിച്ചിരുന്നു.
2010 ഡിസംബർ 28-ന് രണ്ടുവൈദിക വിദ്യാർത്ഥികൾ ഈ ഇടവകയിൽ ആദ്യമായി തിരുപ്പട്ടം സ്വീകരിക്കുകയുണ്ടായി. ഫാ. ജോസഫ് (ജയ്മോൻ) കളമ്പുക്കാട്ട്, ഫാ. ജോർജ് (ജിനോജ്) പാലത്തട ത്തിൽ എന്നിവരുടെ വൈദിക പട്ടവും പ്രഥമ ദിവ്യബലിയും ഇടവക മക്കൾക്ക് വലിയ ഒരു അനുഭവമായി. നിരവധി ദൈവവിളികൾ ഇടവകയിൽ നിന്നും ഉണ്ടാകുന്നുണ്ട് എന്നതും ഞങ്ങൾ അഭിമാനത്തോടെ ഓർക്കുന്നു. 2011 മെയ് 13-ന് റവ ഫാ. വിൻസെൻ്റ് പുതുശ്ശേരി ഇടവകയുടെ ഇപ്പോഴത്തെ വികാരിയായി ചാർജെടുത്തു. അച്ചൻ്റെ അനന്യസാധാരണമായ നേത്യത്വപാടവത്തിൽ 2011 ഡിസംബർ 31ന് ഇടവകദിനം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ഇടവക ജനങ്ങളുടെ കലാ കായിക ആദ്ധ്യാമിക കഴിവുകൾ പ്രകടമാക്കുന്ന വിവിധ മത്സരങ്ങൾ സംഘടിപ്പിച്ച് ദൈവജനങ്ങളെ ഒരു പുത്തൻ അനുഭവത്തിലെത്തിച്ചു. അച്ചന്റെ പ്രവർത്തന ശൈലി ശ്ലാഘനീയമാണ്. വിശുദ്ധനാടുകളിലേക്ക് അച്ചൻ നയിക്കുന്ന തീർത്ഥാടനം ഇടവകാംഗങ്ങൾക്ക് മാത്രമല്ല നാനാ ജാതി മതസ്ഥരായിട്ടുള്ള നൂറുകണക്കിനാളുകൾക്ക് ക്രിസ്തീയ വിശ്വാസത്തിൽ ആഴപ്പെടുവാൻ കാരണമായിട്ടുണ്ട്. കേവലം 30 കുടുംബങ്ങളായി ആരംഭിച്ച ഈ ഇടവകയിൽ ഇപ്പോൾ 13 വാർഡുകളിലായി 190 കുടുംബങ്ങൾ സ്നേഹത്തിലും വിശ്വാസത്തിലും ഐക്യത്തിലും കഴിയുന്നുണ്ട്. പഴൂർ ഇടവകയുടെ പ്രേഷിത ദൗത്യങ്ങ ളിൽ പങ്കുചേർന്ന മതാദ്ധ്യാപകർ, സിസ്റ്റേഴ്‌സ്, ബ്രദേഴ്‌സ്, വികാരിമാർ എന്നിവരെ നന്ദിയോടെ സ്‌മരിക്കുന്നു. ഇടവകയുടെ പുരോഗതിക്കു വേണ്ടി കഷ്‌ടതകൾ സഹിച്ച് മൺമറഞ്ഞുപോയ പൂർവ്വികർക്ക് ആദരാഞ്ജലി കൾ അർപ്പിച്ചുകൊണ്ട് ഇടവക മദ്ധ്യസ്ഥനായ വി. അന്തോനീസിന്റെ സംരക്ഷണത്തിനായി പ്രാർത്ഥിച്ചുകൊണ്ടും ഈ സംക്ഷിപ്‌ത ചരിത്രം അവസാനിപ്പിക്കുന്നു.